കൊച്ചി: മലബാര്‍ മേഖലയിലെ സ്വകാര്യഭൂമിയിലെ ധാതുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ നിയമം ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. സ്വകാര്യവ്യക്തികളുടെ ഭൂമിയിലുള്ള ധാതുസമ്പത്ത് ഏറ്റെടുക്കുമ്പോള്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കണമെന്ന ഭരണഘടനാപരമായ നിബന്ധന പാലിക്കുന്നില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
2021ലെ കേരള മിനറല്‍സ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്സ്) ആക്ട് നിയമപരമാണെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് നിയമം അസാധുവാക്കിയത്. നിയമം അസാധുവാക്കിയതോടെ ഇതുപ്രകാരം ഖനനത്തിനായി ഭൂവുടമകളില്‍നിന്ന് ഈടാക്കിയ റോയല്‍റ്റി തുക തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടു. 2019 ഡിസംബര്‍ 30ന് മുമ്പുള്ള കാലയളവില്‍ ഈടാക്കിയ തുകയാണ് മൂന്നു മാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കിയവര്‍ക്ക് മടക്കി നല്കാന് നിര്‍ദേശിച്ചത്.
നിയമത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ലെന്നു ചൂണ്ടിക്കാട്ടി മലബാര്‍ മേഖലയിലെ ക്വാറി ഉടമകളടക്കം നല്കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രോപ്പര്‍ട്ടി ഓണേഴ്സ് അസോസിയേഷന് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധികൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തീരുമാനം.
സര്‍ക്കാരിന്റെ അപ്പീലുകള്‍ തള്ളിയ കോടതി, നിയമസാധുത ചോദ്യം ചെയ്ത് ഭൂവുടമകള്‍ നല്കിയ ഹര്‍ജികള്‍ അനുവദിച്ചു. തിരുവനന്തപുരം, കൊച്ചി മേഖലകളില്‍ പഴയ രാജവിളംബരങ്ങള്‍ പ്രകാരം സ്വകാര്യഭൂമിയിലെ ധാതുസമ്പത്തിന്റെ അവകാശം സര്‍ക്കാരിനായിരുന്നു. എന്നാല്‍, മലബാര്‍ മേഖലയില്‍ ഈ അവകാശം ഭൂവുടമകള്‍ക്കു നിലനിന്ന സാഹചര്യത്തിലാണ് മലബാര്‍ മേഖലയ്ക്കായി 2021ല്‍ നിയമം പാസാക്കിയത്.